Feeds:
Posts
Comments

Posts Tagged ‘malayalam poem’

എന്തൊരു ശാന്തതയാ
പുതച്ചുമൂടി ഇങ്ങിനെ കിടക്കുമ്പോൾ!
പതിവില്ലാത്ത വെളിച്ചമാണല്ലൊ
കണ്ണുകൾ അടച്ചാണെങ്കിലും
കാഴ്ച മൂടിയിട്ടില്ല.
ചന്ദന തിരിയുടെ രൂക്ഷഗന്ധം!
ചിലത് അങ്ങിനെയാ –
മരണത്തെ ഓർമ്മിപ്പിക്കും
ആരൊക്കെയോ ഉണ്ട് ചുറ്റും,
തിരഞ്ഞ മുഖം മാത്രം കാണുന്നില്ല
നെടുവീർപ്പ്!
അതാ അവിടെ അവൾ!
എന്താ തനിച്ചിരിക്കുന്നത്?
ആകെ ഇരുട്ടായിരിക്കുന്നുവല്ലൊ!
ഇരുട്ടായതല്ല, രാത്രിയാണല്ലൊ ഇവിടെ
ഞാനെങ്ങിനെ നിൻ്റരികിലെത്തി? സ്വപ്നമാണോ?
അന്നാദ്യമായി അവളെൻ്റെ ചോദ്യത്തിന്
മറുപടി തന്നു.
‘മരിച്ചവർക്ക് എവിടെയും വരാല്ലോ’

Read Full Post »

മഴ കുളിരാണത്രേ!
ചിലർക്കോ?
ഹൃദയത്തിലിറ്റുന്ന മെഴുതിരിത്തുള്ളികൾ!
ഉറഞ്ഞൊരോർമ്മയിൽ പടർന്നിറങ്ങി –
അത് ജ്വാലയാകും
പിന്നെ ചൂടാണ് – പട്ടടക്കുള്ളിലെ ചൂട്!
ആദ്യം ഉരുകുക ഹൃദയമാണ്
ഒപ്പം സ്വബോധവും
അങ്ങിനെ ഗ്രഹണമുണ്ടാകുന്നു.

Read Full Post »

മഴ

പെരുമഴയാ…
നിൻ്റെ പ്രണയം പോലെ!
നനയാനിറങ്ങുന്നില്ല
തോർന്നു പോയാലോ,
നിൻ്റെ പ്രണയം പോലെ!

Read Full Post »

പണ്ട്,
എനിക്കൊരനുജത്തിയുണ്ടായിരുന്നു.
പൊട്ടിച്ചിരിക്കേണ്ടപ്പോൾ മാത്രം –
ഒന്നു പുഞ്ചിരിച്ചേക്കാവുന്ന,
കൂട്ടുകാരൊന്നുമില്ലാത്ത,
എന്റെ അരികിൽ മാത്രം വന്നിരിക്കുന്ന,
എന്നാൽ, ഒന്നിനെ കുറിച്ചും
സംസാരിക്കപോലും ചെയ്യാത്ത,
എന്റെ പെങ്ങൾ.
പതിനാറുവയസിൽ ഡിവോഴ്സ് ആയവൾ,
ഹൃദയത്തിനു പകരം
നെരിപ്പോട് ചുമന്നു നടന്നവൾ,
ആരോടും പരിഭവമില്ലാത്തവൾ.
പിന്നെങ്ങോട്ടാണ് നീ പോയത്?
ഓർമയുടെ ഏടുകൾക്കിടയിൽ –
എന്നോ മറഞ്ഞ നിന്നെ
പെട്ടെന്നെന്തേ ഞാനിന്നോർക്കാൻ?
ഷാഹിദാ,
നീയിന്നെന്നെ തിരഞ്ഞിരുന്നോ,
നിന്റെയുള്ളിൽ?

Read Full Post »

ആ മുറിപ്പാടിൽനിന്നൊട്ടു രക്തം,
അറ്റുപോയൊരെൻ ഹൃദയമേ നിന്റെ- ഓർമ്മപ്പെടുത്തലായ് ഇറ്റുവീഴുമ്പൊഴും,
എത്ര കാതം നടന്നൂ- പ്രാണനിൽ
കത്തിനീറുന്ന നിന്നോർമ്മകൾ പേറി ഞാൻ !

ഓർമ്മകൾ!
കാർമേഘമായ് നിന്റെ ചക്രവാളങ്ങളിൽ ഞാനിരുളായ് പടർന്നതും,
ഇടിമിന്നലായ് പിന്നെ പൊട്ടിത്തെറിച്ചതും,
പേമാരിയായൊടുവിൽ നിന്റെ പാദങ്ങളിൽ പെയ്തൊടുങ്ങിയതുമോർമ്മകൾ!

ഓർമ്മകൾ!
ചിതൽ തിന്ന പ്രജ്ഞതൻ ചുടലപ്പറമ്പുകളിൽ
തിരയാനെനിക്കില്ല നല്ലോർമ്മകൾ!
ചിതറിക്കിടക്കുന്നതൊക്കെയും ഞാൻ
ആത്മ പ്രണയം കുറിച്ചിട്ട കവിത മാത്രം!

ഇനിയെന്റെ ഹൃദയമൊരു കടലായിരമ്പുകിലും
വിരഹാഗ്നിയാലൊടുവിലുരുകിപ്പടരുകിലും
അണകെട്ടി നിർത്താം, ഒഴുകാതെ നിൻ വഴിയെ,
ഇടറാതിരിക്കട്ടെ നീയാം ശ്രുതി.

Read Full Post »